വിദൂര മേഖലകളിലുൾപ്പെടെ വേഗത്തിൽ വൈദ്യുതി വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും കഴിയുന്ന റിമോട്ട് ഓപ്പറേറ്റിങ് സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ ആ പ്രദേശത്തെമാത്രം വൈദ്യുതി വിച്ഛേദിച്ച് മറ്റിടങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ പുനഃസ്ഥാപിക്കാനാകും.
കെഎസ്ഇബി തന്നെ വികസിപ്പിച്ച ലൈൻ ഫാൾട്ട് പാസേജ് ഡിറ്റക്ടർ മെസേജ് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വഴി 11 കെവി ഫീഡർ നിയന്ത്രിക്കാവുന്ന റിമോട്ട് ഓപ്പറേറ്റിങ് സംവിധാനമാണ് വികസിപ്പിച്ചത്. 11 കെവി ലൈനിൽ ഘടിപ്പിച്ച റിങ്മെയിൻ യൂണിറ്റുമായി റിമോട്ട് ടെർമിനൽ യൂണിറ്റ് ബന്ധിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, വയനാട്ടിലെ കാട്ടിക്കുളം എന്നിവിടങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ചു. പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരത്തെ കണിയാപുരം, എറണാകുളം മഞ്ഞപ്ര കല്ലല പ്ലാന്റേഷൻ, കൂത്താട്ടുകുളം എന്നിവിടങ്ങളിലും സ്ഥാപിച്ചു. വയനാട്ടിൽ മാത്രമായി 8000 ഉപഭോക്താക്കൾക്കാണ് പ്രയോജനം ലഭിച്ചത്.
ആദ്യഘട്ടം 20 എണ്ണംകൂടി സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. പദ്ധതിക്കായി ഇന്നൊവേഷൻ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.